Friday, January 13, 2012

അദ്ധ്യായം ഒന്ന്‌...

വിശ്വബ്രഹ്മവംശം....

ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത്‌ പൂര്‍ണ്ണ മുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണ മേവാവശിഷ്യതേ....
ഓം ശാന്തി: .... ശാന്തി: ശാന്തി: ....


അര്‍ത്ഥം : അത്‌ (ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ അഗോചരമായ ബ്രഹ്മം) പൂര്‍ണ്ണമാകുന്നു. ഇത്‌ (ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ ഗോചരമായ പ്രപഞ്ചം) പൂര്‍ണ്ണമാകുന്നു. കാരണരൂപമായ (വിരാട്‌) ബ്രഹ്മത്തില്‍ നിന്നാണ് കാര്യരൂപമായ (സ്വരാട്‌) പ്രപഞ്ചം ഉണ്ടാകുന്നത്‌. പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്ന്‌ പൂര്‍ണ്ണമായ പ്രപഞ്ചം ആവിര്‍ഭവിക്കുന്നുവെങ്കിലും ബ്രഹ്മം പൂര്‍ണ്ണമായിത്തന്നെ അവശേഷിക്കുന്നു. ആധിഭൌതികവും ആദ്ധ്യാത്മികവും ആധി ദൈവികവുമായ വിഘ്നങ്ങള്‍ക്കെല്ലാം ശാന്തിയുണ്ടാകട്ടെ.

(ബ്രഹദാരണ്യകോപനിഷത്തിലെ ശാന്തിപാഠം)
(വ്യാഖ്യാതാവ്‌ - ശ്രീ.മ്രഡാനന്ദസ്വാമി)

നിര്‍ഗുണവും നിരാകാരവും നിര്‍വ്വിശേഷവും ഏകവും അദ്വയവുമായ പരബ്രഹ്മത്തെ സ്മരിക്കുന്ന മന്ത്രമാണിത്‌. ഉപനിഷത്‌ പാഠത്തിന്റെ ആരംഭത്തില്‍ ആചാര്യനും ശിഷ്യനും കൂടി ചൊല്ലുന്നതാണ്‌ ശാന്തിപാഠം. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്നബോധം ദൃമാക്കി സര്‍വ്വാത്മഭാവത്തെ സാക്ഷാത്‌കരിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. ഇതിനു സര്‍വ്വാന്തര്യാമിയും സര്‍വ്വാതീതവുമായ പരബ്രഹ്മത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന ഈ ശ്ലോകത്തില്‍ അന്തര്‍ഭൂതമായിരിക്കുന്നു. ഏതൊരു കാര്യത്തിലും മൂന്നുവിധത്തിലുള്ള വിഘ്‌നങ്ങളാണ് സാധാരണ ഉണ്ടാവുക. രോഗാദികളുടെ രൂപത്തിലുണ്ടാകുന്ന ആദ്ധ്യാത്മികവിഘ്‌നങ്ങള്‍, പരിതസ്ഥിതികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നുമുണ്ടാകുന്ന ആധിഭൗതികവിഘ്‌നങ്ങള്‍, അതിവര്‍ഷം, അനാവൃഷ്ടിമുതലായുള്ള ആധിദൈവികവിഘ്‌നങ്ങള്‍, ഈ മൂന്നു വിധം വിഘ്‌നങ്ങളും ഇല്ലാതിരിക്കുവാന്‍ മൂന്നുപ്രാവിശ്യം ശാന്തി: എന്നാവര്‍ത്തിച്ചു പറയുന്നു. ‘ബ്രഹ്മം’ എന്ന ഈ പുസ്തകരചനയിലും ഈ മന്ത്രം ഉചിതമാകുമെന്നു വിശ്വസിക്കുന്നു.


ജാതിയും മതവുമില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു, വൈദികകാലം. വിശ്വബ്രഹ്മ വംശചരിത്രം ക്രിസ്തുവിനു നിരവധി സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ മുതല്‍ തുടങ്ങുന്നു. ക്രിസ്തുവിനുശേഷം രണ്ടായിരത്തിപത്ത്‌ ആണിപ്പോള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്‌. വിശ്വബ്രഹ്മവംശത്തെപ്പറ്റിയറിയാന്‍ ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ പിറകിലേയ്‌ക്ക്‌ മനസ്സിനെ നമുക്ക്‌ തിരിച്ചു വിടേണ്ടിയിരിക്കുന്നു. അതായത്‌ ദ്വാപരയുഗത്തിലേയ്‌ക്ക്‌.

No comments: